IFFK 2017: Prakash Raj Attacks BJP
ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും ആണ് നടൻ പ്രകാശ് രാജിനെ വ്യത്യസ്തനാക്കുന്നത്. തെന്നിന്ത്യൻ സിനിമകളിലെ ത്രസിപ്പിക്കുന്ന താരം ഐഎഫ്എഫ്കെ ഉദ്ഘാടനവേദിയില്‍ എത്തിയിരുന്നു. പ്രകാശ് രാജിൻറെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന പരിപാടികളില്‍ നിന്നും ആഘോഷങ്ങള്‍ ഒഴിവാക്കിയതിനെ അഭിനന്ദിച്ച് കൊണ്ടാണ് പ്രകാശ് രാജ് തുടങ്ങിയത്. എഴുതി തയ്യാറാക്കിയ പ്രസംഗവും കൊണ്ടല്ല താന്‍ കേരളത്തിലേക്ക് വരാറുള്ളത്. ഇവിടെ സെന്‍സറിംഗ് ഇല്ല എന്നത് തന്നെയാണ് കാരണമെന്ന് പ്രകാശ് രാജ് പറയുന്നു. ഭയമില്ലാതെ ശ്വാസമെടുക്കാന്‍ കഴിയുന്ന ഇടമാണ് കേരളമെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രതിസന്ധിഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. നമുക്ക് മേല്‍ ഒരു അജണ്ട അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കലയോ മാധ്യമപ്രവര്‍ത്തനമോ മാത്രമല്ല, ഓരോ എതിര്‍ശബ്ദങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണ്. എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ഓരോ ശബ്ദത്തിനും പകരമായി ഉറക്കെയുള്ള ശബ്ദങ്ങള്‍ പിറക്കുന്നുവെന്നോര്‍ക്കണമെന്നും സംഘപരിവാർ രാഷ്ട്രീയത്തെ വിമർശിച്ച് പ്രകാശ് രാജ് പറഞ്ഞു.